Thursday, July 30, 2015

മരണവും മരണശിക്ഷയും.

രാവിലെ റേഡിയോയില്‍ രണ്ടു മരണത്തിന്റെ വാര്‍ത്ത കേട്ടാണ് ഇന്ന്‍ ഞാനുണര്‍ന്നത്. ഒന്ന്‍ അകാലത്തിലല്ലെങ്കിലും അകാലത്തിലെന്നു നമ്മെക്കൊണ്ട് നിരന്തരം അനുസ്മരിപ്പിക്കുന്ന ആരാധ്യനായ ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ചരമത്തെക്കുറിച്ചും ഇന്ന് നടക്കാനിരിക്കുന്ന സംസ്കാരത്തെക്കുറിച്ചുമാണ്. ആബാലവൃദ്ധം ജനങ്ങളെയും ദു:ഖിപ്പിച്ച ഒന്നാണ് മുന്‍ രാഷ്ട്രപതിയുടെ വിയോഗം. ഒരു മനുഷ്യന് നന്മ കൊണ്ട് മറ്റുള്ളവരുടെ ഹൃദയത്തില്‍ എത്രമാത്രം ഇടംനേടാന്‍ കഴിയുമെന്നതിനു ഉദാഹരണമാണത്.
രണ്ടാമത്തേത് ഇന്ന്‍ രാവിലെ തൂക്കിലേറ്റിയ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ മരണമാണ്. 1993 മാര്‍ച്ച് 12ന് സ്ഫോടന പരമ്പരയില്‍ നിരപരാധികളായ 257പേരാണ് കൊല്ലപ്പെട്ടത്. 713പേര്‍ പരിക്കേറ്റ് നരകിച്ചു. ഈ മഹാപാപം ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച മേമന്റെ മരണത്തില്‍ എനിക്കൊട്ടും ദു:ഖിക്കാന്‍ കഴിയുന്നില്ല. വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ച ശിക്ഷാവിധിയല്ലെന്നു പറയാമെങ്കിലും മനുഷ്യജീവനെ ഉന്മൂലനം ചെയ്യാന്‍ തുനിയുന്ന ഇത്തരം പിശാചുക്കളെ മറ്റെന്താണ് ചെയ്യുക! ഒരിക്കലും അവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ പോകുന്നില്ല.കാരണം ഉറച്ച വിശ്വാസ പ്രമാണങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നത്. ആ വിശ്വാസത്തിനു ഉലച്ചില്‍ തട്ടുമെന്ന്,താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് പ്രതി തിരിച്ചറിയുമെന്നു വിശ്വസിക്കാനാവില്ല. വെറുതെ വിട്ടാലും വീണ്ടും അവര്‍ അതുതന്നെ ചെയ്ത്കൊണ്ടിരിക്കും. കാരണം,അവരില്‍ കുത്തിവെച്ചിരിക്കുന്ന വിശ്വാസം അത്ര ആഴത്തില്‍ വേരോട്ടമുള്ളതാണ്. കുഞ്ഞുങ്ങളെ കൊല്ലാന്‍ പരിശീലിപ്പി ക്കുന്ന കൊടും ഭീകരരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ ലോകത്തെ സ്നേഹം,കരുണ തുടങ്ങിയവയ്ക്കൊന്നും അവരുടെ തലച്ചോറില്‍ ഇടമില്ലാതാക്കിയിരിക്കുന്നു. ഒരു ജീവനെടുക്കാന്‍ നമുക്ക് അധികാരമില്ല എന്ന ഉറച്ച വിശ്വാസത്തോടെ തന്നെ ഈ വധശി ക്ഷയെ ഞാന്‍ അനുകൂലിക്കുന്നു. കാരണം,അവിടെ മറ്റൊന്നും ചെയ്യാനില്ല, ചിന്തിക്കാനുമില്ല.
എന്നിട്ടുമെനിക്കെന്തോ എഴുതി പോസ്റ്റ്‌ ചെയ്തപ്പോള്‍ വല്ലാത്ത ഒരു നീറ്റല്‍ ...ഒരു ശ്വാസം മുട്ടല്‍.... ഒരു ജീവനെ ഇല്ലായ്മ ചെയ്യുന്നതിനെയാണല്ലോ ഞാന്‍ അനുകൂലിച്ചത്... ആ ജീവന്‍ എനിക്ക് മാപ്പ് തരട്ടെ....

2 comments:

ബഷീർ said...

<<ഉറച്ച വിശ്വാസ പ്രമാണങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നത്. ആ വിശ്വാസത്തിനു ഉലച്ചില്‍ തട്ടുമെന്ന്,താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് പ്രതി തിരിച്ചറിയുമെന്നു വിശ്വസിക്കാനാവില്ല << കഷ്ടം. ടീച്ചറെപ്പോലെയുള്ളവരും ഇത്തരത്തിലാണല്ലോ ചിന്തിക്കുന്നതെന്ന് ഓർക്കുമ്പോൾ !!

Harinath said...

വായിച്ചു. ഇങ്ങനെയേ ഈ സംഭവത്തെക്കുറിച്ച് പറയാനാവുന്നുള്ളൂ.